നിന്റെ ചുണ്ണാമ്പ് നിറഞ്ഞ തുടകള്‍ക്കിടയിലൂടെ
മൂത്രം ഒലിച്ചിറങ്ങുന്നത് ഞാന്‍ അറിഞ്ഞിട്ടുണ്ട്.
ഏതൊരു വൃദ്ധനും ഒരിക്കല്‍ മരണത്തെ കൊതിക്കും
താനിങ്ങനെ ഒരു ശാപമാണെന്നറിയുമ്പോള്‍....
എനിക്കറിയാം നിനക്കതിന് പോലും
അവകാശമില്ലല്ലോ എന്ന്
നിന്റെ പെട്ടെന്നുള്ള മരണത്തെ ഓര്‍ത്ത്
ഉറങ്ങാതിരിക്കുന്നവരെ ചുറ്റിലും നീ കാണുന്നുണ്ടല്ലോ..
നിന്റെ പാട്ടത്തിന്റെ ഉടമസ്ഥന്‍
നിന്നെ കുലുക്കി വലിച്ചെറിയും മുമ്പ്
നിനക്കൊരു പിന്‍ഗാമിയെ സൃഷ്ടിച്ച് തരാന്‍
ഈ ഇരുകാലി ദൈവങ്ങള്‍
എവിടെ പോയാണ് ഒളിച്ചത്
എന്ന് നീ തിരയുന്നതും ഞാന്‍ കാണുന്നു
ഹര്‍ത്താലിനും ഇ-യുദ്ധങ്ങള്‍ക്കും
ഉപവാസങ്ങള്‍ക്കുമിടയില്‍
നിന്റെ തുടയും വയറും പൊട്ടി
നീ പൊഴിക്കുന്ന കണ്ണീര്‍ തുള്ളികള്‍
ഞങ്ങളെ തഴുകി ഉമ്മവെക്കുന്നതിന് മുമ്പ്
നിന്റെ മകനെ ഉണര്‍ത്താന്‍
ശങ്കരപിള്ളയുടെ ദീപത്തിലെ അന്ധനെപോലെ
ഏത് അന്ധനാണ് ഉയര്‍ന്ന് വരിക
അതല്ലങ്കില്‍ നിനക്കൊരു ചരമഗീതമെഴുതാന്‍
ജുഡീഷറിയും കേന്ദ്രമന്ത്രിമാരും
ഇവിടെ ബാക്കിയുണ്ടാവുമെന്ന് കരുതാം
കൂടെ എനിക്കും ...
1 അഭിപ്രായം:
മുല്ലപ്പെരിയാര്‍ ഒരു വൈകാരികപ്രശ്നമാകാതെ നോക്കുക. വൈകാരികപ്രതികരണങ്ങളില്‍ തമിഴ്നാട്ടുകാറ്‍ മലയാളികളേക്കാള്‍ എത്രയോ മുമ്പിലാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ