മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം
സമകാലികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സമകാലികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 മാർച്ച് 25, ചൊവ്വാഴ്ച

ദു:ഖത്തിന്റെയും കുറ്റബോധത്തിന്റെയും ഇടയിൽ സംഭവിക്കുന്നത് (മോഡി)


എന്റെ മനസ്സിൽ ദു:ഖത്തിന്റെ
നിലവിളികൾ ഉയരുന്നത് ആരും കേൾക്കുന്നില്ല.
ഒരു നിയന്ത്രിതകലാപത്തിൽ
ഇത്ര കുറച്ചല്ലേ മനുഷ്യർ വിസ്മൃതിയിലേക്ക് മറഞ്ഞുള്ളൂ
എന്നത് എന്നെ ദു:ഖിപ്പിച്ച് തളർത്തുന്നു

എന്നാലും എന്റെ മനസ്സിൽ
ഒരിറ്റ് കുറ്റബോധത്തിനും ഇടമില്ലാത്തത്
എനിക്ക് ബോധമില്ലാത്തത് കൊണ്ടല്ല
ഭരണജീവിതത്തിന്റെ തുടക്കത്തിലേ
ഇത്ര പേരെയെങ്കിലും
ടയറിനടിയിൽ ചതച്ചരച്ച
പട്ടികളാവാൻ ഞാൻ പഠിപ്പിച്ചല്ലോ.
ഒരു കടം കഥ പോലെ
കുറേ എവിടേക്കോ ഓടിമറയാനും ഞാൻ പഠിപ്പിച്ചു

ഇനി പുതിയ പാഠങ്ങൾ
ഒരു വെളുത്ത കടലാസ്സിൽ
കാവികളറിൽ ഞാൻ എഴുതിവെച്ചത്ത്
ഇവിടെ ഒരു പതിഞ്ഞതാളത്തിൽ
ഞാൻ പഠിപ്പിക്കുമ്പോൾ
അന്ന് ആ ദു:ഖവും കുറവുകളും
ഒരു പേമാരിയായി ഞാൻ കരഞ്ഞ് തീർക്കും.


2002 ല്‍ ഗുജറാത്തിലുണ്ടായ കലാപത്തില്‍ തനിക്ക് ദു:ഖമുണ്ട്. എന്നാല്‍ അതില്‍ കുറ്റബോധമില്ല - മോഡി

2011 നവംബർ 27, ഞായറാഴ്‌ച

ഒരു ചരമഗീതത്തിന്‌ മുമ്പ്....(മുല്ലപെരിയാര്‍)




നിന്റെ ചുണ്ണാമ്പ് നിറഞ്ഞ തുടകള്‍ക്കിടയിലൂടെ
മൂത്രം ഒലിച്ചിറങ്ങുന്നത് ഞാന്‍ അറിഞ്ഞിട്ടുണ്ട്.
ഏതൊരു വൃദ്ധനും ഒരിക്കല്‍ മരണത്തെ കൊതിക്കും
താനിങ്ങനെ ഒരു ശാപമാണെന്നറിയുമ്പോള്‍....

എനിക്കറിയാം നിനക്കതിന് പോലും
അവകാശമില്ലല്ലോ എന്ന്
നിന്റെ പെട്ടെന്നുള്ള മരണത്തെ ഓര്‍ത്ത്
ഉറങ്ങാതിരിക്കുന്നവരെ ചുറ്റിലും നീ കാണുന്നുണ്ടല്ലോ..

നിന്റെ പാട്ടത്തിന്റെ ഉടമസ്ഥന്‍
നിന്നെ കുലുക്കി വലിച്ചെറിയും മുമ്പ്
നിനക്കൊരു പിന്‍ഗാമിയെ സൃഷ്ടിച്ച് തരാന്‍
ഈ ഇരുകാലി ദൈവങ്ങള്‍
എവിടെ പോയാണ് ഒളിച്ചത്
എന്ന് നീ തിരയുന്നതും ഞാന്‍ കാണുന്നു

ഹര്‍ത്താലിനും ഇ-യുദ്ധങ്ങള്‍ക്കും
ഉപവാസങ്ങള്‍ക്കുമിടയില്‍
നിന്റെ തുടയും വയറും പൊട്ടി
നീ പൊഴിക്കുന്ന കണ്ണീര്‍ തുള്ളികള്‍
ഞങ്ങളെ തഴുകി ഉമ്മവെക്കുന്നതിന് മുമ്പ്
നിന്റെ മകനെ ഉണര്‍ത്താന്‍
ശങ്കരപിള്ളയുടെ ദീപത്തിലെ അന്ധനെപോലെ
ഏത് അന്ധനാണ് ഉയര്‍ന്ന് വരിക

അതല്ലങ്കില്‍ നിനക്കൊരു ചരമഗീതമെഴുതാന്‍
ജുഡീഷറിയും കേന്ദ്രമന്ത്രിമാരും
ഇവിടെ ബാക്കിയുണ്ടാവുമെന്ന് കരുതാം
കൂടെ എനിക്കും ...




2011 ജൂലൈ 13, ബുധനാഴ്‌ച

വരിതെറ്റിക്കുന്ന ഉറക്കത്തില്‍ നിന്ന്


ചില പകല്‍ സ്വപ്നങ്ങള്‍
വിയര്‍പ്പ് തുള്ളികളെ നോവിപ്പിക്കും
രോമങ്ങളെ തുറിച്ച് നോക്കും

ഒരിക്കല്‍ ശവപ്പെട്ടിക്ക്
ഓശാന പാടാന്‍
അഫ്സല്‍ ഗുരുവും ഗിലാനിയും
എവിടെയോ നിന്ന് വന്നിരുന്നു.
ഗിലാനി അതിനിടയില്‍ തന്നെ
എങ്ങോ മറഞ്ഞ് പോയി
നീതിയോടൊപ്പമാണ് സമാധാനം വരിക.
നീതി നടപ്പായില്ലെങ്കില്‍ സമാധാനവും ഉണ്ടാവില്ല.
എന്നും പറഞ്ഞ്

ആ ഓശനയില്‍
ഇന്ത്യന്‍ മാതൃത്വത്തിനെ ഒറ്റികൊടുത്ത
ശവപെട്ടി കുഭകോണം എവിടെയോ
പോയി ഒളിച്ചു.

ഇന്ന് മാരനും രാജയും
കോര്‍പരേറ്റുകളും
കുനിഞ്ഞിരിക്കുന്ന നേരത്ത്
ചോരയെ വീഞ്ഞാക്കുന്ന
മനസ്സുള്ളവര്‍ ചിയേര്സ്
പറഞ്ഞ് പൊട്ടി ചിരിക്കുന്നു

ഇത് ഭീകരക്രാമണമാണ്‌
എന്ന് സ്ഥിരീകരിക്കാന്‍ മാത്രം
കുറച്ച് നേതാക്കളും

ഇതിനിടയില്‍ പഴയ ശവപെട്ടി
പോലെ ഈ കോടികളും
പറന്ന് പോവുന്നതും നോക്കി
ഉറക്കത്തില്‍ മുഴുകിയിരിക്കുന്ന ഞാനും

2009 സെപ്റ്റംബർ 8, ചൊവ്വാഴ്ച

ആനപുറത്തിരുന്ന് ഒളിഞ്ഞ് നോക്കുന്നവര്


ഇരുണ്ട നിറം
തടിച്ച രൂപം
പരന്ന നടത്തം
എല്ലാം കൊണ്ടും
അശുഭമാകേണ്ടതായിരുന്നു
ആന


എന്നിട്ടും
ആന
ഒരു വിജയിയെ പോലെ
ശുഭചിഹ്നമായി


തിരക്കിലും
ഒരുക്കങ്ങളിലും
ആന
ഒരാവശ്യമായിരുന്നു


ആനക്കറിയാമായിരുന്നു
ഒരിക്കല്
അവനും
നിശ്ചലമാകുമെന്ന്
അതിനാല്
അഹങ്കരിക്കാതെ
അമര്‍ന്നിരുന്നു
അവന്


വയറിന്റെ
നിലനില്പിന്
സ്വയം വില്‍കാന്
കഴിയാതെ
ഭാര്യയെ
രജിസ്റ്ററായി വില്‍ക്കുന്ന
ഇടവേളയില്
ഇന്ദ്രപ്രസ്ഥതിലേക്ക്
ആന പുറത്തിരുന്ന്
ഒളിഞ്ഞ് നോക്കിയിരുന്നവര്

ഇന്ന്
സ്റ്റാമ്പുകളെ പോലെ
പാര്‍ക്കുകളിലും
റോഡുകളിലും
ആനയെ
നിശ്ചലമായി
നിറുത്തുന്നത്
ഒരിക്കല്
പാപ്പനെ
ചവിട്ടി കൊല്ലുന്ന
മര്‍ദ്ദിദനെ പോലെ
തങ്ങളുടേ നേര്‍ക്കും
വരുമെന്ന്
ഓര്‍മയുള്ളത് കൊണ്ടായിരിക്കാം

2009 ജൂൺ 28, ഞായറാഴ്‌ച

ജൂണിന്റെ നഷ്ടങ്ങള്‍



ചെറുപ്പത്തില്‍
പുത്തനുടുപ്പിനേക്കാള്‍
കുടകമ്പിയില്‍ നിന്ന്
ഇറ്റുന്ന
വെള്ള തുള്ളികളെ
ഈമ്പികുടിക്കുന്നതിനായിരുന്നു
ഈ തിമര്‍ത്ത് പെയ്യുന്ന മഴക്കാലത്തെ
സ്നേഹിച്ചത്

ജൂണ്‍
എന്തേ
നീ
ഇപ്രാവശ്യം നൊമ്പരം
നല്‍കുന്നത്
പ്രണയത്തെ
ജീവിതമാക്കിയ
കമലയും
പച്ചയായ ജീവിതത്തെ
വരച്ച് നല്‍കിയ
ലോഹിയേയും
നിന്റെ പെയ്യുന്ന
കണ്ണീര്‍ കഷ്ണത്തില്‍
ഒളിപ്പിച്ച് വെച്ച്
കൊണ്ട് പോയത്


ഇപ്പോ
എന്തോ
പച്ചമണ്ണിന്റെ മണം നല്‍കുന്ന
നീ
കറുത്ത വസ്ത്രമണിഞ്ഞിരിക്കുന്നത്
എനിക്ക്
വിറളിപിടിപ്പിക്കുന്നു.
കീരികാടനെ കൊന്ന
സേതുമാധവനെ പോലെ
ഞാനും
പ്രതികരിച്ചേക്കാം


അത് കൊണ്ട് ജൂണ്‍ നീ വിടപറയുക
ഇനിയും
കറുത്ത വസ്ത്രമണിയാതെ

2009 മാർച്ച് 18, ബുധനാഴ്‌ച

കരീമുല്ല...(വരുണ്‍ ഗാന്ധി)



കരീമുല്ല
തിളപ്പിച്ച വെള്ളം
തണുപ്പിച്ച്
മെല്ലെ കുളുപ്പിക്കുമ്പോള്
അമ്മായിയാണെന്നെ
വിളിച്ചത്..

ഉണങ്ങിയ
പ്ലാവിന്റെ
ചില്ലകളില് വലിഞ്ഞ് കയറിയ
എന്നെ
മനോഹരനും
കരീമുല്ല എന്ന്
തന്നെ വിളിച്ചു..


ടൈഗര്
ഒരു പട്ടി…
ഞാനവനെ
എന്റെ മനസ്സിലും
കൂട്ടിലുമിട്ട് വളര്ത്തി.

പട്ടിയെ
പട്ടിയായി തന്നെ
എന്റെ കണ്ണൂകള്ക്ക്
അന്ന്
കാണാന് സാധിച്ചുള്ളു..

ഒരു മേനകവന്നു
എന്റെ കണ്ണിനെ
അന്നവള് കുത്തിപൊട്ടിച്ചു.


അന്നും മനോഹരന്
സാരമില്ല കരീമുല്ല
എന്ന് തന്നെ പറഞ്ഞു..


പിന്നെ
മറ്റെരാള്
എന്നെ രാത്രിയില്
കണ്ടു..
ഞാന് ഭയന്നു എന്നവന്
ഉറക്കെ വിളിച്ച്
പറഞ്ഞിരുന്നു


അന്നും മനോഹരന്
സാരമില്ല കരീമുല്ല
എന്ന് തന്നെ പറഞ്ഞു..

ടിക്കറ്റ് വേണമായിരുന്നു.
പേര് ചോദിച്ചു..
"കരീമുല്ല"
അയാളുടെ കൈകള്
വിറക്കുന്നത് ഞാന് കണ്ടു..
ചുറ്റിലും
ആളുകള് തുറിച്ച്
നോക്കുന്നു..


അന്ന് മനോഹരന് പറഞ്ഞു
എനിക്കും പേടിയാകുന്നു ഭായി
നിന്റെ പേര് പറയാന്
നിന്നെ നോക്കാന്‍

എന്തേ ഞാന്‍
ഒരു പട്ടി പോലും
അവര്‍ക്ക്
ആകാതിരുന്നത്

2009 മാർച്ച് 16, തിങ്കളാഴ്‌ച

അസഭ്യം - സഖാവും ഷാജി കൊലാസും

മിനിയാന്ന്
പണ്ടത്തെ
അടുത്ത വീട്ടിലെ കുട്ടിയുടെ
രോഷം കണ്ടു.
കിടന്ന് പുളയുന്നുണ്ടായിരുന്നു
കൈകാലുകള്‍
മുഖത്ത്
ഹോളിയുടേ
നിറങ്ങള്‍ പോലേ
പലതും മിന്നിമറയുന്നത് കണ്ടു.
സ്ത്രീകളേട്
അസഭ്യം പറയുന്നതിനെ
കയ്യടിച്ച് സ്വികരിക്കുമെന്ന്
ഷാജിയോടാരാണ് പറഞ്ഞത്

ഇന്നലെ
ചുവന്ന മുളക്ക് കടിച്ചു
കുറച്ച് മുമ്പ്
അഗ്രഹാരത്തിലെ
ചിന്താമണിയിലുമുണ്ടായിരുന്നു
ഒരു കല്ല് കടി.
വെറുതേ
സ്ത്രീകളോട്
അസഭ്യം എന്നപോലെ
വെറുതേ
ഒരു സഖാവ് അസഭ്യം

സഖാവ് സമം അസഭ്യം
സഖാവ് സമം അസഭ്യം
എന്ന് മൂന്ന് വട്ടം പറഞ്ഞാ‍ല്‍
ചിലപ്പോള്‍ അതായിരിക്കും
ഇനി അര്‍ത്ഥം


ഉര്‍വശിയുടെ അഭിമുഖം സൂര്യയില്‍ ചിരിച്ചിരുന്നു കണ്ടു. ആരോഗ്യപരമായ ഒട്ടേറേ വിമര്‍ശനങ്ങളാണ് നടത്തിയതെങ്കിലും ഒരു തമാശ പരിപാടി പോലെ കണ്ടിരുന്നു. സൂപ്പര്‍സ്റ്റാറിന്റെ മുണ്ട് പൊക്കുമ്പോള്‍ ഒരു സൌണ്ട് കുത്തുമ്പോള്‍ വേറെ ഒരു സൌണ്ട്.(ആ സമയത്ത് ഉര്‍വശിയുടെ മുഖം കണ്ടാല്‍ ചിരിച്ച് പോവും. ഉര്‍വശിയെ ചെറുപ്പത്തില്‍ എന്റെ ഇഷ്ട നടിയായി കണ്ടിരിന്നു. ഈ അയലത്തെ കുട്ടി ഫെയിസ് കാരണം). അങ്ങനെ അങ്ങനെ…
കൂടുതലും നല്ല നിശിത വിമര്‍ശനങ്ങളായിരുന്നു. ഇതിനിടയിലാണ് ഷാജികൈലാസ് ടെപ്പ് സിനിമയെയും വിമര്‍ശിച്ചത്.
എന്റെ ചിന്ത അതല്ല. മുമ്പ് കരുതികൂട്ടി മലയാളത്തിലെ സിനിമയിലൂടെ സംഘപരിവാര്‍ചേദനകളെ ഉയര്‍ത്തുന്ന തലത്തിലായിരുന്നു ഷാജിയുടെ സിനിമകള്‍ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. രഞിത്തിന്റെ തിരകഥയിലൂടെ വന്നവയും. ഷാജിയെക്കാള്‍ രഞിത്തിനെയാണ് എനിക്ക് അന്ന് അങ്ങനെ ഒരു ഹിഡണ്‍ അജണ്ഡ ഉള്ളതായി തോന്നിയതും.
പിന്നെ രഞിത്ത് സ്വതന്ത്ര സംവിധായകനായി. ഒരു സിനിമ പോലും പിന്നെ ആ ശൈലിയില്‍ കണ്ടിട്ടില്ല ആ സംവിധാനത്തില്‍. ഷാജികൈലാസിനോടൊപ്പമല്ലാതേ വേറേ കുറേ സിനിമകള്‍ക്കും രഞിത്ത് തിരകഥകള്‍ എഴുതിയിട്ടുണ്ട്. അതിലും ആ ഒരു ടൈപ്പ് കാണുന്നില്ല.അല്ലങ്കില്‍ ഓര്‍മയിലില്ല
ഇപ്പോള്‍ അടുത്ത് ഷാജിയുടെ പുതിയ സിനിമകളായ ചിന്താമണി കൊലകേസിലും റെഡ്ചില്ലീസിനും, തിരകഥ എഴുതിയത് സാജനാണ്. ആ സിനിമകള്‍കെല്ലാം കരുതികൂട്ടി സഖാവ് സഖാക്കന്മരുടെ മക്കള്‍, എന്ന പദങ്ങളെ തെറ്റുകാര്‍ എന്ന തലത്തിലേക്ക് കരുതികൂട്ടി കൊണ്ട് പോവുന്നതായി എനിക്ക് തോന്നുന്നു
സിനിമകാണുന്ന അളുകളുടെ (പ്രത്യേകിച്ച് വൈകാരികമായ ഈ തലത്തിലുള്ള കഥകള്‍) മനസ്സുകളില്‍ തെറ്റുകാര്‍ എന്ന് തന്നെയാണ് പുതിയ സഖാക്കളുടെ അര്‍ത്ഥം എന്ന് ഉറച്ച് പോവുന്ന തരത്തിലാണ് ആ വാക്കുകള്‍ക്ക് സ്ഥാനം നല്‍കുന്നത്.സാജന്റെ മറ്റ് സിനിമകള്‍കെന്നും ഈ പ്രശന്ം കാണുന്നില്ല.. സോ എന്ത്കൊണ്ടാണ് സാജനും രഞിത്തും എല്ലം ഷാജിയോടൊപ്പം നില്‍ക്കുമ്പോള്‍ ഈ തലത്തിലുള്ള സിനിമകള്‍ വരുന്നത്…

2009 മാർച്ച് 7, ശനിയാഴ്‌ച

ചില കറുത്ത അക്കങ്ങളും വെള്ള കടലാസും (ആണവ കരാറില്‍ 6000കോടിയുടെ നഷ്ടം :സി എ ജി റിപ്പോര്‍ട്ട്)

ഒന്ന്
ചായ
രണ്ട്
കക്കൂ‍സ്
എന്ന് പറയുന്ന കാലത്തേ
ഒരു വെള്ള കടലാസ്
ചില കറുത്ത
അക്ഷരങ്ങള്‍
അവക്ക് കൂട്ടായിരുന്നു

അങ്ങനെ അങ്ങനെ
സമരങ്ങള്‍ ചോരകളായും
ഇങ്ക്യിലാബ് ആഭാസങ്ങളായ്യും
എനിക്ക്
ഒരു വശത്ത് മാത്രം കാണാനായി

പക്ഷേ അന്നും
സി എ. ജി യും
സി ബി ഐ യു
പാമോയിലും
പഞ്ചസാരയും
ചിലനേരത്ത്
വലിയ
ഇടവേളകളില്‍
മറു വശത്ത്
ഞാന്‍ കണ്ടിരുന്നു

ഒരു ഒറ്റ
തിരിഞ്ഞ് നോട്ടത്തില്‍
എല്ലാം മറഞ്ഞിരിക്കുന്നു
സി.എ.ജിയും
സിബിഐയും
അണിനിരക്കുന്നു
ആ ഒരു വശത്ത്

പിന്നെ പിന്നെ
ചോരകള്‍
പോലേ
ആഭാസങ്ങള്‍
പോലേ
സി.എ.ജിയും
ആ ഒരു വശത്തിന്റെ
മാത്രം പേറ്റന്റായി..

അന്ന് മുതലായിരിക്കും
സി.എ.ജി എന്ന
വാക്ക്
വരുന്ന
കറുത്ത അക്കങ്ങള്‍
വെളുത്ത പേപ്പറില്‍
നിന്നു
അപ്രത്യക്ഷമാകാന്‍ തുടങ്ങിയത്..














അഭിലാഷിന്റെ ശരിക്കും കേള്‍കാത്ത ഒരു വാര്‍ത്ത ഇവിടെ വായിക്കാം

http://kelkkaththavarththakal.blogspot.com/2009/03/blog-post.html

2009 ഫെബ്രുവരി 22, ഞായറാഴ്‌ച

ഒരു യാത്രയുടെ അവസാനം....(പ്രവാസികള്‍)


ഒരു അവധിക്ക്

റോഡില്‍ നിറയെ ബ്ലോക്ക്
റോഡ് പണിയായിരിക്കും
കാഴ്ചയുടെ വിള്ളലുകളിലൂടെ
കുറേ തമിഴന്മാരെ കണ്ടു.
മണ്ണിനെ മുറിവേല്‍പ്പിക്കുന്നവര്‍
കുറേയെണ്ണമുണ്ട് മണ്ണിനെ
മുറിവേല്‍പ്പിച്ച് നടക്കുന്നവര്‍
റോഡ് സൈഡിലേ വിരിപ്പിലേക്ക്
കേറി കിടക്കുന്നുണ്ട്
ഒരു അണ്ണാച്ചി കുട്ടി

മറ്റൊരവധിക്ക്

നഗരത്തിന്റെ ഇടവഴിയിലൂടെ
ഒന്ന് നടന്ന് പോവണം
ഇടവഴി നിറയെ മറ്റേതോ ആളുകള്‍
ശരീരം നിറയെ സിമന്റിന്റെ
ബാക്കിപത്രങ്ങള്‍
ബംഗാളികളും ഒറീസക്കാരും
പിന്നേ മറ്റേതെക്കെയോ ജീവജാലങ്ങള്‍
ഒന്നോ രണ്ടോ അണ്ണാച്ചികളും

ചോദിക്കാതേ വച്ച് നീട്ടിയ
കാലാവധിയില്ലാത്ത
നിര്‍ബന്ധിത അവധിക്ക്


റോഡ് ശൂന്യം
കച്ചവടക്കാര്‍ മാടി വിളിക്കുന്നു
ചിതറിയ കാഴ്ച്ചകളാണ്
ചുറ്റിലും
സ്റ്റേഷനില്‍ തമ്മില്‍ തല്ല്
ഫ്ലാറ്റ് ഫോമില്‍ നിറയെ വിരിപ്പുകള്‍
വിരിപ്പുകള്കടിയില്‍
അടയാളങ്ങളില്ലാത്ത
കുറേ ചരക്കുകള്‍
ജീവന്‍ മാത്രം നിലനിറുത്തുന്നവര്‍
കൂടേ ചിഹ്നങ്ങളും
ഒരു യാത്രയുടെ അവസാനത്തിന്റെ
അതിനിടയിലേക്ക്
ഒരു മൂലയില്‍
മറ്റെരു വിരിപ്പിനടിയിലേക്ക്
ഞാനും ഒതുങ്ങിനിന്നു
ഇനി
എനിക്ക്
ഇവിടെ ശരിക്കും എന്ത് പണിയാണറിയുക

?

ചുറ്റിലുള്ള അണ്ണാച്ചികളും ഒറിയക്കാരും
പിറുപിറുക്കുന്നുണ്ട്
ഒരേ തെണ്ടികള്‍ വരും
നമ്മുടെ പണി കളയാന്‍

2009 ഫെബ്രുവരി 7, ശനിയാഴ്‌ച

ഒന്ന് +ഒന്ന് = മൂന്ന് ( താലിബാന്‍ # മംഗലാപുരം)


ഒന്ന്- അവള്‍

തിരയുന്ന മുഖങ്ങളെ
ചലിക്കുന്ന ബുള്ളറ്റ്
മൂട്പടം കൊണ്ട്
കൊട്ടിയടച്ചു.
കാഴ്ച്ചക്കളെ
ബര്‍സയുടെ പേരും
പറഞ്ഞ്
ലൈവായി എഡിറ്റ്
ചെയ്ത്കൊണ്ടിരുന്നു..
ലോകം വികാരജീവിയായി…

രണ്ട് – ഇവള്‍
ഹായ്
ഒന്നവള്‍ പറഞ്ഞു.
അവള്‍കറിയില്ലായിരുന്നു
മുസ്ലിമായ
സഹപാഠിയുടെ
ചേട്ടനും മുസ്ലിമായിരിക്കുമെന്ന്..
ഹായ്
എന്ന് പറഞ്ഞതേ
അവള്‍ക്കറിയൂ..
പിന്നെ
ചലിക്കുന്ന ശൂലം
വളര്‍ന്ന് വരുന്നത്
ഒരു മിന്നായമായി
ബാക്കിയെല്ലാം എഡിറ്റായിരുന്നു…
ലോകം വിചാരജീവിയായി..

2008 ജൂൺ 19, വ്യാഴാഴ്‌ച

'യൂസ്‌ലെസ്‌' ബോംബുകള്‍ (താക്കറെ)


ബോംബുകള്‍ രണ്ട് തരമാണ്..
“യൂസ്‌ലെസ്‌” ബോംബുകള്‍
ആണ് ഒന്ന്.
ആ പേരു മാത്രം സ്ഥിരമായിരിക്കുന്നു


രണ്ടാമത്തേതിന് പേരുകള്‍
മാറികൊണ്ടിരിക്കും..
മുസ്ലിം ചാവേര്‍ ബോംബ് എന്നും
ഹിന്ദു ചാവേര്‍ ബോംബ് എന്നും
പല തരത്തില്‍

മുസ്ലിം ചാവേര്‍ ബോംബില്‍ മുസ്ലിം
മരിച്ചാല്‍
അത്
“യൂസ്‌ലെസ്‌” ആയി.
ഹിന്ദു ചാവേര്‍ ബോംബില്‍
ഹിന്ദു മരിച്ചാലും
അതും
“യൂസ്‌ലെസ്‌” ആയി..

ഇനി ഒരിക്കല്‍
ലിംഗങ്ങളും കടന്ന് വരും
പുരുഷചാവേര്‍ ബോംബുകള്‍
സ്ത്രീ ചാവേര്‍ ബോംബുകള്‍
എന്നിങ്ങനെ

ഏത് “യൂസ്‌ലെസ്‌” ബോംബിലും
സ്ത്രീലിംഗം ഒരു ഇര തന്നെയാണ്…
അവരും അത് കൊണ്ട്
സ്ത്രീ ചാവേര്‍ ബോംബുകള്
ഇനി ശ്രഷ്ടിച്ചെന്നിരിക്കും

പഠിക്കാന്‍ പറയുന്ന
അമ്മക്ക് മുന്നില്‍
കുട്ടി ചാവേര്‍ ബോംബുകളും
പ്രണയിക്കാന്‍ സമ്മതിക്കാത്ത
അച്ചന് മുന്നില്‍
പ്രണയ ചാവേര്‍ ബോംബുകളും
ഭിക്ഷ കൊടുക്കാത്തവര്‍ക്ക്
മുന്നില്‍
തെണ്ടി ചവേര്‍ ബോംബുകളും

കടന്ന് വരും

അവസാനം,
തന്നെ
ജീവീക്കാന്‍ സമ്മതിക്കാത്ത

മനുഷ്യര്‍ക്ക് മുന്നില്‍
ദൈവ ചാവേര്‍ ബോംബുകളും
ഒരിക്കല്‍ പൊട്ടിതെറിക്കും

ബോംബുകള്‍ രണ്ട് തരത്തിലാണ്…
ഒന്നിന്റെ പേരുകള്‍ മാത്രം മാറികൊണ്ടിരിക്കും…








2008 മേയ് 1, വ്യാഴാഴ്‌ച

ചവര്‍പ്പ് (കൊണ്ടാലെസ്സ)

http://woldhek.nl/image/show/1408-condoleezza-rice-2

ഒട്ടൊരു ചവര്‍പ്പ്,
വായില് കിടന്ന് പിടയുന്നു
തുപ്പാന് മനസ്സ്
പറയുന്ന് പോലെ
പിന്നെ മെല്ലെ ചവച്ചിറക്കി.
അല്ല
എവിടെ പോയി
ഇതിന്റെ മധുരം

അന്ന്
അവിടെയെല്ലാം
മരണങ്ങള്‍ ഉണ്ടായിരുന്നു.
വിശപ്പിന്റെ നല്ല
രുചിയറിഞ്ഞുള്ള മരണം,
അതിന്റെ
നിറം പിടിച്ച ചിത്രങ്ങളും
വാര്‍ത്തകളും
ബ്രെക്ക് ഫാസ്റ്റിന്റെ കൂടെ
അന്നുണ്ടായിരുന്നല്ലോ..
പിന്നെ എന്നാണ്
അത് കാണാതിരുന്നത്..

വയ്യ.
ചവര്‍പ്പ്
തിങ്ങികൂടുന്നു.
വയറ്റില് ഹിരോഷിമയുടെ
ചിത്രം പോലെ മുരളുന്നു

ഇവിടെ
ചവര്‍പ്പിന്ന് കാരണം
60 ശതമാനവും
20 രൂപ ദിവസകൂലിയുള്ള
ജനങ്ങള്‍
പള്ള നിറച്ച്
തിന്നുന്നത് തന്നെ...
ഇനി ഭീകരരുടെ
കൂട്ടത്തില് അവരെയും
ഒരു കണ്ണിയാക്കണം.

ചവര്‍പ്പ് വീണ്ടും
ചവര്‍പ്പ്.
സഹിക്കാന് വയ്യ.
എന്തേ
ഭീകരരുടെ
എണ്ണം ഇങ്ങനെ കൂട്ടുന്നേ….



ചിത്രം ഏതോ ഒരു വെബില്‍ നിന്നും പോസ്റ്റിയത്. ഗൂഗിളില്‍ നിന്നും കിട്ടിയത്...

2008 ഏപ്രിൽ 12, ശനിയാഴ്‌ച

തേനീച്ചകള്‍..

“എസ്‌എഫ്‌ഐ ഭീകരവാദികളുടെ കൂട്ടമാണെന്നുവരെ ഒരു ബഹുമാന്യ പുരോഹിതന്‍ പറഞ്ഞുവച്ചു.”
സുമി ആത്മഹത്യചെയ്യുമ്പോള്‍ വീട്ടില്‍ അമ്മമാത്രമേ ഉണ്ടായിരുന്നുള്ളു. സുമിയുടെ പിതാവും സഹോദരനും ജോലിസംബന്ധമായി വിദേശത്തായിരുന്നു. സുമിയുടെ മൃതദേഹം കണ്ട്‌ ബോധം നശിച്ച മാതാവ്‌ കൃത്രിമമായി ആത്മഹത്യാ കുറിപ്പ്‌ ചമച്ചുവെന്ന്‌ സ്ഥാപിക്കാനാണ്‌ ഫാ. ചെറിയാന്‍ രാമനാല്‍ അടക്കമുള്ളവര്‍ ശ്രമിച്ചത്‌...(വാസ്തവം ദിനപത്രം Tuesday, April 8, 2008)



അവർ
തുളുമ്പുന്ന കടന്നൽ
കൂട് പോലെ ഭീകരവാദികളുടെ
ഒരു കൂട്ടമാണ്.


പറന്ന് വീണ ഓശാന
കേട്ട് വെളുത്തകുപ്പായത്തിനെ
ചളിപൂശാൻ വന്ന
കോമരങ്ങൾ


വിടരുന്ന മൊട്ടില്‍കൂടി
പടർന്നിറങ്ങുന്ന
തേനീച്ചകൾ
ഇന്ന് ഉറക്കം കെടുത്തുന്നു...


ആ മൊട്ടല്ല
അതിന്റെ ചെടിയാണ്
ഒരു ബോധകേടിൽ
ആ ഓശാന പാടിയത്..


വെളുത്തലോഹകൾ
വെളിച്ചമായിരുന്നു
കുഞ്ഞാടുകളെ
ജീവിപ്പിക്കുന്ന വെളിച്ചം


ഇന്ന് എവിടെയോ വെച്ച്
ആരാണ്
കറുത്ത നിഴൽ
കൊണ്ട് അതിനെ മറച്ചത്..


അതോ ചിതറിയ
നോട്ട് കെട്ടുകൾ
വെളിച്ചത്തിന്റെ
മറുപുറം തേടുന്നുവോ..


ഈ വെളിച്ചവും
അണഞ്ഞെങ്കില്‍
ചില തേനിച്ചകള്‍
മൂളിപറക്കുന്നത്
ഒരു ആശ്വാസമാണ്

2008 മാർച്ച് 23, ഞായറാഴ്‌ച

തോന്നല്‍




കോടതി ആദ്യം വിറച്ചു,
പിന്നെ കുരച്ചു
ഇവന്‍ ഭീകരനാണ്‌



അന്ന്‌ കുലച്ച
വാഴക്കുല കട്ടെടുത്തത്‌
ഇവന്റെ മുത്തച്ചനാണ്‌



പട്ടിണി
ഒരു തോന്നലാണ്‌
കട്ടെടുക്കുക എന്നത്
യാഥാര്‍ത്ഥ്യവും



വിശപ്പ്‌ എന്നൊരു പദം
മനസ്സിന്റെ വെറും
അനുഭൂതിയെന്ന്‌
വിധി പുസ്തകത്തില്‍
ഒരു മീനിനെ പോലെ പിടഞ്ഞു


അതിന്റെ പേരില്‍

തീറ്റ കക്കുന്നവന്‍

കൊടും കുറ്റവാളി..




അവന്‍ ചിരിച്ചു
അന്ന്‌
മുത്തച്ചന്‍
കട്ടെടുത്തപ്പോള്‍
എല്ലാ പഴവും
തിന്നത്‌ നിങ്ങളാണ്‌
എന്നവന്‍ കോടതിയില്‍ ബോധിപ്പിച്ചു.

ഭക്ഷണ മോഷണകേസ്സില്‍ റിമാന്റിലായി ക്ഷയം പിടിപ്പെട്ട് മരണപ്പെട്ട ആദിവാസി ബബുവിനെ മറക്കാന്‍ വേണ്ടി പെടാപാട് പെടുന്നവര്‍ക്ക്..

2008 മാർച്ച് 15, ശനിയാഴ്‌ച

ഉളുപ്പില്ലാത്തവര്‍.....


കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍
‍വിമര്‍ശിക്കപ്പെടേണ്ടത്‌.
വെറുക്കപെടേണ്ടത്‌..
ഇനിയൊരിക്കലും അവിടെ
ആരും കൊല്ലപ്പെടരുതേ
എന്ന്‌ മലയാളികള്‍ കൂട്ടമായി പ്രാര്‍ത്ഥിക്കുന്നു....


അതിനിടയില്‍ തികച്ചും ചെക്കുത്താന്റെ
കണ്ണുകളമായി ചിലര്‍ പതുങ്ങി
നില്‍ക്കുന്നത്‌ നാം കാണാതിരുന്നു കൂടാ..
കൊല്ലപ്പെട്ട ഒരു വിഭാഗത്തിന്റെ
കരളുരുകി മാത്രം കാണാവുന്ന
ഫോട്ടോകള്‍ ‍ഫോര്‍വേഡ്‌ ചെയ്ത്‌ കളിക്കുന്നു..


പ്രിയരേ ആ ഫോട്ടോയിലുള്ളവര്‍ക്കും
കുടുംബം ഉണ്ട്‌..
അത്‌ കൊന്നവര്‍ മാത്രമല്ല
ഫോര്‍വേഡ്‌ ചെയ്ത്‌ കളിക്കുന്നവരും
ഓര്‍ക്കേണ്ടതാണ്‌.



ഇവിടെ ഒരു പാര്‍ട്ടി മാത്രമാണ്‌
തെറ്റുകാര്‍ എന്ന്‌
ഒരോ ഫോര്‍വേഡ്‌ മെസ്സേജിലും...


രാഷ്ട്രീയം ചെകുത്താന്റെ
മാര്‍ഗമെന്ന്‌
ടി. വി. ചാനലിലും
ചില ബ്ളോഗുകളിലും
സജീവ ചര്‍ച്ചകള്‍...
വിക്കിപീഡിയയില്‍
പുതിയ സ്കോര്‍ പട്ടികയും....


രാഷ്ട്രീയം മനുഷ്യന്റെ നന്‍മക്ക്‌ വേണ്ടിയുള്ളതാണ്‌
അത്‌ കേരളത്തിലെ ജനങ്ങള്‍ക്ക്‌
ഒരു പാട്‌ നന്‍മകളും നല്‍കിയിട്ടുണ്ട്‌

മനുഷ്യരുടെ തെന്നിനീങ്ങുന്ന വികാരങ്ങളില്‍
രാഷ്ട്രീയ ആദര്‍ശങ്ങള്‍
മറന്ന്‌ കൊലയാളികളായി അവര്‍ മാറുന്നു.
വികാരങ്ങളുടെ തള്ളിച്ചകളില്‍
വിചാരങ്ങള്‍ മാറി നിന്ന്‌ പോകുന്നു


അവിടെ
പാവം രാഷ്ട്രീയം എന്ത്‌ പിഴച്ചു.......

2008 മാർച്ച് 9, ഞായറാഴ്‌ച

ചില പാഠങ്ങള്‍- നാം എങ്ങനെ വിഡ്ഡികളല്ല ?


പാഠം ഒന്ന്

ചിരിക്കുന്ന ബുദ്ധനെ
പോലെ
അനങ്ങാതിരിക്കണം
വെറുതെ മേല്‍പ്പോട്ട് നോക്കിയിരിക്കണം..

പാഠം രണ്ട്

അവര്‍ ഒരു കൂട്ടമായിരിക്കും
കയ്യില്‍ ഒരു വാള്‍
പോലെ ഒരു എക്സ്പ്രഷന്‍
അത് വാളല്ലന്ന് തിരിച്ചറിയണം
കാരണം
നാം അവരെപ്പോലെ വിഡ്ഡികളല്ല.

പാഠം മൂന്ന്

ഇനി അവര്‍ ആഞ്ഞ് വെട്ടിയാല്‍
ഇടത്ത് നിന്ന് വലത്തോട്ട്
മെല്ലെ തിരിഞ്ഞാല്‍
ഇരു കൈയ്യും
ഒളിപ്പിച്ച് വെക്കാം…
കൈ അത്
ഒരു ചിഹ്നമാണ്
നാളെ തിരിച്ച് വെട്ടാന്‍
ഞങ്ങള്‍ക്ക് നിങ്ങളുടെ
കൈമാത്രം ബാക്കി വേണം ..

2008 ഫെബ്രുവരി 25, തിങ്കളാഴ്‌ച

എരയാംകുടി ഓര്‍മിപ്പിക്കുന്ന ഒരു പ്രണയത്തെകുറിച്ച്‌..

അവളുടെ ഗദ്ഗദം കണ്ടു ഞാന്‍
അറിയാതെ മൌനത്തില്‍ വീണ്‌ പോയി.
ഉള്ളിലെ ദു:ഖത്തിന്‍ ആഴത്തെ പേടിച്ച്‌
കണ്ണീര്‍ തുള്ളികള്‍ അറിയാതെ പെയ്തു.
അവള്‍ എന്നുമെന്‍ താരാട്ട്‌ കേട്ടിരുന്നു.
എന്നും എന്‍ തലോടല്‍ അവളറിഞ്ഞു
ചിരിച്ച്‌ കൊണ്ടിരുന്ന മലകളും
ചാഞ്ചാടി നടന്ന പുഴകളും
അവളുടെ മാറും നിതംബവുമായിരുന്നു.
എണ്റ്റെ പ്രണയിനിയുടെ
മടിത്തട്ടില്‍ ശാപഭാരവുമായി
കിടന്ന ബീജങ്ങള്‍
അവളുടെ മാറും നിതംബവും
ഞെക്കിപിഴിഞ്ഞു.
എങ്കിലും പ്രണയിനിയെ
മനസ്സിണ്റ്റെ തണലില്‍ ഞാന്‍
ഒളിപ്പിച്ചു വെച്ചു.
പ്രണയിനിക്ക്‌ നല്‍കാന്‍
ചൂടിയതാണെങ്കിലും
ഒരു പൂ കാത്ത്‌ വെച്ചു.
ഈ കാമുകണ്റ്റെ വിലാപം
കേള്‍ക്കാതിരുന്ന്‌
മാറും നിതംബവും
നക്കി തുടച്ച്‌
അവസാന മുല കഷ്ണത്തിനും
അവര്‍ നറുക്കിട്ടു.
ഒടുവില്‍ പ്രണയിനിയുടെ
ഗര്‍ഭപാത്രവും തോണ്ടിയെടുത്ത്‌
അവര്‍ വ്യഭിചരിക്കുന്നു.
എനിക്ക്‌ അവസാനമായി
ചുമ്പിക്കാന്‍ ഒരെറ്റ ഇടവും നല്‍കാതെ..

2008 ഫെബ്രുവരി 18, തിങ്കളാഴ്‌ച

തുരുമ്പ്‌, അത്‌ ഒരു സത്യം

ഇടനെഞ്ചിലൊരു വേദന,
ചെറിയ തരുതരിപ്പും,
ഇനി എത്രനാളെന്ന്‌
മകന്‍ എന്നോട്‌ ചോദിച്ചു.

കിടക്കപ്പായ അവരെടുത്തു,
തല്ലിപൊളിക്കുന്ന മൂന്നാറും
കൊണ്ട്‌ വന്നവര്‍
ഇനി എത്രനാളെന്ന്‌
തള്ള എന്നോട്‌ ചോദിച്ചു..

ചിന്തകള്‍ വാര്‍ദ്ധക്യമായി,
യൌവനചിന്തകര്‍ പാര്‍ട്ടി എടുത്തു.
ഇനി എത്ര നാളെന്ന്‌
അവര്‍ എന്നോട്‌ ചോദിച്ചു,,

പഴയ വടി,
തുരുമ്പെടുത്തു,
അവിടെയെല്ലാം
അത്‌ പൊളിഞ്ഞ്‌ വീണു.
ഇനി എത്ര നാളെന്ന്‌
പി.ബി എന്നോട്‌ ചോദിച്ചു.

ഇനി മാലോകര്‍മാത്രം
കൂടെ നിന്ന്‌
ഉഷ ഉതുപ്പുമായി
എത്രനാള്
‍എന്ന്‌ ഞാന്‍ എന്നോട്‌ ചോദിച്ചു.
ചിന്തകള്‍ക്ക്‌ ഒരു ഗള്‍ഫ്‌ ഗെയിറ്റും
വടി മാറ്റാന്‍ ഒരു ടിപ്പ്‌ ടോപ്പും
എവിടെ നിന്നോ എന്നൊ നോക്കി ചിരിച്ചു