മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2014, ഏപ്രിൽ 5, ശനിയാഴ്‌ച

ഒളിത്താവളങ്ങൾ നിർമിക്കപെടുന്നത് (അമിത് ഷാ) 

ഒളിത്താവളങ്ങൾ നമ്മെ തേടിയെത്തുന്നതാണ്
അത് ഇപ്പോ കണക്കിലെ അവശിഷ്ടമാണ്
കൂട്ടികിഴിച്ചുള്ള കണക്കിലെ ബാക്കിപത്രം
ചിലർ പുറത്ത് എത്തിയിട്ടുണ്ട്,
ഒളിത്താവളങ്ങൾ ഒരുക്കിയിട്ടുണ്ടോ എന്നറിയാൻ

അവർ പോകുന്ന വഴികൾ പലതാണ്
ചില വഴികളിൽ നിറയെ ചോരയുടെ മണം
വഴികളുടെ അടയാളങ്ങൾക്കും ചോരയുടെ തണുപ്പ്
അവിടെ അവരുടെ സഹയാത്രികർക്ക്
ഉറക്കവും ഭക്ഷണവും എന്തെന്നറിയാത്ത
വിശപ്പും ദാഹവും എന്താണെന്നറിയത്ത
ചില സിദ്ധികളുണ്ട്

അധിക്ഷേപം, അപമാനം, പ്രതികാരം
എന്നിങ്ങനെ ചില പച്ചയായ
അവസ്ഥകൾ മതി ജീവിതം ആസ്വദിക്കാൻ
ഈ ആസ്വാദനത്തിന്റെ ലഹരി
തേടി ചിലർ ഒരുങ്ങുന്നു
ആ യാത്രയിൽ
ഇനിയും വയറുകൾ കുത്തികീറപെട്ടേക്കാം
തീതിന്നുന്ന ഭംഗി ജീവനോടെ കണ്ടറിയാം

അതേ
വിശക്കുന്നവർക്ക് വെള്ളം കൊടുക്കുന്നതല്ല
പണിയെടുക്കുന്നവർക്ക് വിശ്രമം കൊടുക്കുന്നതുമല്ല
ചില വാക്കുകളുടെ അവസ്ഥാന്തരങ്ങൾ
തേടിയുള്ള യാത്രയാണ് അത്

അതിനിടയിൽ
ഒളിത്താവളങ്ങൾ തേടിയെത്തുന്നവർ ഭാഗ്യവാന്മാർ


___________________________________________________
യുപിയില്‍ ഇത് അഭിമാനത്തിന്റെ തെരഞ്ഞെടുപ്പാണ്. ഭക്ഷണമോ ഉറക്കമോ ഇല്ലാതെ ജീവിക്കാം. വിശന്നും ദാഹിച്ചും ജീവിക്കാം.എന്നാല്‍ അധിക്ഷേപം കേട്ട് ജീവിക്കാനാകില്ല. അപമാനത്തിനു പ്രതികാരം ചെയ്‌തേ മതിയാകൂ' എന്നാണ് അമിത് ഷാ പ്രസംഗിച്ചത്.

2014, മാർച്ച് 25, ചൊവ്വാഴ്ച

ദു:ഖത്തിന്റെയും കുറ്റബോധത്തിന്റെയും ഇടയിൽ സംഭവിക്കുന്നത് (മോഡി)


എന്റെ മനസ്സിൽ ദു:ഖത്തിന്റെ
നിലവിളികൾ ഉയരുന്നത് ആരും കേൾക്കുന്നില്ല.
ഒരു നിയന്ത്രിതകലാപത്തിൽ
ഇത്ര കുറച്ചല്ലേ മനുഷ്യർ വിസ്മൃതിയിലേക്ക് മറഞ്ഞുള്ളൂ
എന്നത് എന്നെ ദു:ഖിപ്പിച്ച് തളർത്തുന്നു

എന്നാലും എന്റെ മനസ്സിൽ
ഒരിറ്റ് കുറ്റബോധത്തിനും ഇടമില്ലാത്തത്
എനിക്ക് ബോധമില്ലാത്തത് കൊണ്ടല്ല
ഭരണജീവിതത്തിന്റെ തുടക്കത്തിലേ
ഇത്ര പേരെയെങ്കിലും
ടയറിനടിയിൽ ചതച്ചരച്ച
പട്ടികളാവാൻ ഞാൻ പഠിപ്പിച്ചല്ലോ.
ഒരു കടം കഥ പോലെ
കുറേ എവിടേക്കോ ഓടിമറയാനും ഞാൻ പഠിപ്പിച്ചു

ഇനി പുതിയ പാഠങ്ങൾ
ഒരു വെളുത്ത കടലാസ്സിൽ
കാവികളറിൽ ഞാൻ എഴുതിവെച്ചത്ത്
ഇവിടെ ഒരു പതിഞ്ഞതാളത്തിൽ
ഞാൻ പഠിപ്പിക്കുമ്പോൾ
അന്ന് ആ ദു:ഖവും കുറവുകളും
ഒരു പേമാരിയായി ഞാൻ കരഞ്ഞ് തീർക്കും.


2002 ല്‍ ഗുജറാത്തിലുണ്ടായ കലാപത്തില്‍ തനിക്ക് ദു:ഖമുണ്ട്. എന്നാല്‍ അതില്‍ കുറ്റബോധമില്ല - മോഡി